---
title: "67കാരന്റെ കൊലപാതകം: കൊച്ചുമകളുടെ ക്വട്ടേഷൻ, 13കാരിയും 3 പേരും പിടിയിൽ"
english_title: "Murder Case: 67-Year-Old Killed on Granddaughter's Orders, 4 Minors Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379037/grandfather-murder-granddaughter-quotation-arrest`"
published_at: "2026-08-18T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83f7eadbdb6_1000719265.jpg"
keywords: ["Kerala Crime", "Murder", "Juvenile Crime", "Kerala Police", "Grandfather Killed"]
---

# 67കാരന്റെ കൊലപാതകം: കൊച്ചുമകളുടെ ക്വട്ടേഷൻ, 13കാരിയും 3 പേരും പിടിയിൽ

> **Lead Summary:** ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീടിനുള്ളിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാർ ആണ് കൊല്ലപ്പെട്ടത്.

## Article Content

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീടിനുള്ളിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാർ ആണ് കൊല്ലപ്പെട്ടത്.

കരുവാറ്റ പഞ്ചായത്ത് സ്നേഹാചാര്യ കോളേജിനു സമീപം മാടപ്പുരക്കൽ പടീറ്റതിൽ വീട്ടിലാണ് സംഭവം. കുടുംബസമേതം മൂന്നുവർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ 13 വയസുള്ള കൊച്ചുമകളാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയെയും കൊല്ലം സ്വദേശികളായ പ്രായപൂർത്തിയാകാത്ത 3 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് പെൺകുട്ടിയാണെന്നാണ് പോലീസ് പറയുന്നത്.

പോലീസ് നൽകുന്ന വിവരമനുസരിച്ച് കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിക്ക് കാണിച്ചുകൊടുത്തു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ അപഹരിച്ചു. ഇത് വിറ്റ് പെൺകുട്ടിക്ക് ഐ ഫോണും മറ്റ് പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു പദ്ധതി.

ശിവൻകുട്ടിയുടെ ഭാര്യ സരസ്വതി ഇളയ മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴ്ച മുതൽ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു. ഇതോടെ രണ്ടു ദിവസമായി വീട്ടിൽ ശിവൻകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് കൊലപാതകം നടന്നത്. കാലുകളും കൈകളും കൂട്ടിക്കെട്ടി അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ശിവൻകുട്ടി ചെട്ടിയാർ അമ്പലപ്പുഴ സ്വദേശിയും ഭാര്യ സരസ്വതി കൊല്ലം സ്വദേശിനിയുമാണ്. ശശികല, ശ്രീകല എന്നീ രണ്ടു പെൺമക്കളുണ്ട്. ഇരുവരും വിവാഹിതരായി കുടുംബത്തോടൊപ്പം വിദേശത്താണ്. പ്രസവത്തിനായാണ് ഇളയ മകൾ നാട്ടിലെത്തിയത്. അയൽക്കാരുമായി കാര്യമായ ബന്ധമില്ലാത്ത കുടുംബമാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379037/grandfather-murder-granddaughter-quotation-arrest`)